ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അരിമണല്‍ രൂപത്തിലുള്ള അയിരിൽ നിന്നു ഇരുമ്പ് സംസ്കരിച്ചെടുത്തിരുന്ന ഒരു ജനത അധിവസിച്ചിരുന്ന പ്രദേശം എന്ന നിലയിലാണ് അരീക്കോട് എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു. ചാലിയാര്‍ തീരത്ത് സ്ഥിതി ചെയ്യുന്ന സാളിഗ്രാമക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. 1914-ലെ “കൊടിയേറ്റം” അരീക്കോടിന്റെ ചരിത്രത്തില്‍ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നതാണ്. 1921-ലെ മലബാര്‍ കലാപത്തിന്റെ മുഖ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു അരീക്കോട്. ലഹളയൊതുക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ഇവിടെ സ്ഥാപിച്ച പട്ടാളക്യാമ്പ് ഇന്നും ഗ്രാമത്തിന്റെ നെറുകയില്‍ 37 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നു. താലൂക്ക് ബോര്‍ഡിനു കീഴില്‍ 1907-ല്‍ പൂത്തലത്താണ് ഈ നാട്ടിലെ ആദ്യപള്ളിക്കൂടത്തിന് തുടക്കമിട്ടത്. 1955-ല്‍ ഓറിയെന്റല്‍ ഹൈസ്ക്കൂളും 1957-ല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളും കൂടി സ്ഥാപിതമായത് ഇന്നാട്ടിലെ വിദ്യാഭ്യാസരംഗത്ത് ഒരു കുതിച്ചുചാട്ടത്തിനു തന്നെ കാരണമായി. 1944-ല്‍ സ്ഥാപിതമായ സുല്ലമുസ്സലാം അറബികോളേജ് സ്ത്രീ വിദ്യാഭ്യാസത്തിനു കൂടി പ്രധാന്യം നല്‍കിയ സ്ഥാപനമാണ്. “മുട്ടുങ്ങല്‍ നേര്‍ച്ച”യാണ് ഈ നാടിന്റെ പരമ്പരാഗത ദേശീയോത്സവം. അതുപോലെ പ്രാദേശികമായി പല ഉത്സവങ്ങളും തിറകളും ഇന്നും ഇവിടെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നു. പണ്ടുകാലത്ത് ഇവിടേക്കുള്ള അവശ്യവസ്തുക്കള്‍ കോഴിക്കോടുനിന്നും തോണിയില്‍ കൊണ്ടുവരികയാണ് ചെയ്തിരുന്നത്. 1928-ല്‍ തന്നെ പഞ്ചായത്തില്‍ ബസ് സര്‍വ്വീസ് ആരംഭിച്ചിരുന്നു. 1963 ഡിസംബര്‍ 23-നാണ് പഞ്ചായത്തിലേക്ക് ആദ്യമായി തെരഞ്ഞെടുപ്പ് നടന്നത്. 1964 ജനുവരി ഒന്നാം തിയതി പ്രഥമ ബോര്‍ഡ് നിലവില്‍ വന്നു. 1950-കളുടെ തുടക്കത്തില്‍ രൂപംകൊണ്ട വൈ.എം.എ.യും, വൈ.എം.ബി.യും, 1954-ല്‍ സ്ഥാപിക്കപ്പെട്ട ഉഗ്രപുരം ദേശസേവിനിയും ഈ നാട്ടിലെ സാംസ്കാരിക രംഗത്തിന്റെ വളര്‍ച്ചയിലെ നിര്‍ണ്ണായക നാഴികകല്ലുകളായിരുന്നു. എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന ഗ്രാമമാണ് അരീക്കോട്.