തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം

September 29, 2026

🌿 തൂഫാൻ 2.0  
      തദ്ദേശം | ലഹരിക്കെതിരെ ജനസേന
 

നാടിന്റെയും വരുംതലമുറയുടെയും ഭാവി സുരക്ഷിതമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'തൂഫാൻ' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു. "ഞാൻ എന്റെ നാടിന്റെ കാവലാൾ" എന്ന വീര്യമാർന്ന മുദ്രാവാക്യമുയർത്തി, ലഹരിയെന്ന മഹാവിപത്തിനെതിരെ അതിശക്തമായ ജനകീയ പ്രതിരോധം തീർക്കാനാണ് ഈ പദ്ധതിയിലൂടെ അരീക്കോട് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.

നമ്മുടെ കുഞ്ഞുങ്ങളും യുവതലമുറയും ലഹരിമാഫിയയുടെ കെണികളിൽ അകപ്പെടുന്ന ദാരുണമായ വാർത്തകൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ ജനകീയ മുന്നേറ്റം. ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും മൊത്തം സമൂഹത്തെയും തച്ചുടയ്ക്കുന്ന ലഹരി ദുരന്തത്തെ തുടച്ചുനീക്കാൻ പോലീസിന്റെയോ സർക്കാരിന്റെയോ മാത്രം ശ്രമം പോരാ, മറിച്ച് ഓരോ കുടുംബത്തിലും വാർഡിലും നമ്മൾ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയ്ക്ക മാത്രമേ സാധിക്കൂ എന്ന് ചടങ്ങ് അടിവരയിട്ടു.

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും രൂപീകരിക്കുന്ന 'തൂഫാൻ സമിതികൾ' കേന്ദ്രീകരിച്ച് വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ശക്തമായ നിരീക്ഷണവും ജാഗ്രതയും പുലർത്താൻ ഈ സമിതികൾ മുന്നിട്ടിറങ്ങും.

അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ സലാം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ലഹരിവിരുദ്ധ പതാകയുയർത്തി പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എ. ഡബ്ല്യു. അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൂർജഹാൻ സലാം, പഞ്ചായത്ത് സെക്രട്ടറി സുജാത എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ച് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

തുടർന്ന് അരീക്കോട് പോലീസ് സ്റ്റേഷനിലെ പി.ആർ.ഒ സതീശ് സർ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ലഹരിബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ധാരാളം വിദ്യാർത്ഥികളും നാടൊട്ടുക്കുമുള്ള പൊതുജനങ്ങളും സജീവമായി പങ്കെടുത്തതോടെ ജനകീയ പങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി മാറാൻ ഉദ്ഘാടന ചടങ്ങിന് സാധിച്ചു.

തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം